
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കിടെ നിർണായക നീക്കവുമായി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. പുതിയ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് ലഭിക്കും. വി.ഡി. സതീശൻ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ച്ചയിലാണ് മന്ത്രിസഭയിൽ ചേരാൻ ചെന്നിത്തല സന്നദ്ധത അറിയിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ ഹൈക്കമാൻഡ് തെരഞ്ഞെടുത്തതോടെ ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നു. തുടർന്ന് ദീപാദാസ് മുൻഷി, വി.ഡി. സതീശൻ എന്നിവർ ചെന്നിത്തലയെ നേരിൽകണ്ട് ചർച്ച നടത്തിയതോടെയാണ് പ്രശ്നപരിഹാര ശ്രമങ്ങൾ സജീവമായത്.
മന്ത്രിസഭയിൽ എത്തണമെങ്കിൽ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിലാണ് ചെന്നിത്തല ഉറച്ചുനിന്നതെന്നാണ് സൂചന. ആഭ്യന്തരം കൈവിടുന്നതിൽ വി.ഡി. സതീശന് അത്ര താത്പര്യമില്ലായിരുന്നെങ്കിലും, മുഖ്യമന്ത്രിസ്ഥാനം ലഭിച്ച സാഹചര്യത്തിൽ ഒത്തുതീർപ്പിലേക്ക് നീങ്ങേണ്ടി വന്നുവെന്നാണ് വിലയിരുത്തൽ. അതേസമയം, ആഭ്യന്തര വകുപ്പ് വിട്ടുനൽകുന്ന സാഹചര്യത്തിൽ ധനകാര്യ വകുപ്പ് സതീശൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇതിനുപുറമെ, ആഭ്യന്തര വകുപ്പിനൊപ്പം താൻ നിർദേശിക്കുന്ന ഒരാൾക്കും മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യം ചെന്നിത്തല മുന്നോട്ടുവെച്ചതായും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ഈ സാഹചര്യത്തിൽ പരിഗണനയിൽ ഉള്ളത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.










